Tuesday, March 8, 2011

വിട പറയും നേരം

പുതിയൊരു ആകാശം തേടി പറക്കുമ്പോള്‍ നീ കേള്‍ക്കും ഭൂമിയിലെ ഈ കലാലയത്തിന്റെ രോദനം.അതില്‍ മകളെ നെഞ്ജോടടക്കി പിടിച്ച ഒരു അമ്മയുടെ ദുഖമുണ്ട്.പ്രണയം സഫലീകരിക്കാത്ത കാമുകന്റെ വേദന ഉണ്ട്.കടക്കണ്ണറിഞ്ഞു നീ ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കും എന്ന പ്രതീക്ഷയുമുണ്ട്‌.അതിനാല്‍ നിറഞ്ഞ കണ്ണുകളുമായി ഒന്ന് തിരിഞ്ഞു നോക്കൂ...അത് ചിലപ്പോള്‍ നിന്റെ കലാലയത്തിന്റെ പുഞ്ചിരിക്ക് കാരണമായേക്കും...

Saturday, November 6, 2010

കീടനാശിനി

ഞാന്‍ ചിരിച്ചിരുന്നു,കളിച്ചിരുന്നു,പാടിയിരുന്നു,കരഞ്ഞിരുന്നു...പക്ഷെ ഒരു കട്ടിലിന്‍റെ നാലു അതിര്‍ത്തികള്‍ക്കു പുറത്തേക്ക് അതിന് ലോകം ഉണ്ടായിരുന്നില്ല.തലയിണയില്‍ മുഖമമര്‍ത്തി കരയുമ്പോള്‍ കോട്ടയിലെ ഉല്‍ത്സവ തുടക്കമായി കതിനകളുടെ ശംഖൊലി കേട്ടു.ആനയും ചെണ്ടയും വര്‍ണകുടകളും നിറഞ്ഞ പൂരപ്പറമ്പ് എന്‍റെ മനസ്സില്‍ കണ്ടു.പക്ഷെ കണ്ണു തുറക്കുമ്പോള്‍ വര്‍ണങ്ങളെല്ലാം മറഞ്ഞ് ഇരുട്ടെന്നു ലോകം പറയുന്ന അവസ്ഥയില്‍ എത്തുന്നു...
ആരെയാണ് ഞാന്‍ പഴിക്കേണ്ടത്...?
മനുഷ്യനെ സൃഷ്‌ടിച്ച ദൈവത്തേയോ,ദൈവം സൃഷ്‌ടിച്ച മനുഷ്യനെയോ...?
എന്തായാലും മനുഷ്യന്‍ അറിഞ്ഞില്ല,അവന്‍ നശിപ്പിച്ചത് ചെടികളിലെ കീടങ്ങളെ ആയിരുന്നില്ല...ഭൂമിയിലേക്ക് കാലുറപ്പിക്കാന്‍ വെമ്പിയ കിടാവുകളെ ആണെന്ന്...

Wednesday, October 20, 2010

അനശ്വരം

തുരുമ്പു പിടിച്ച കൊടിമരം പുതിയതായിരിക്കുന്നു.സഖാക്കളുടേയും അഹിംസവാദികളുടെയും ഉറച്ച കാലടികളില്‍ തകര്‍ന്ന വരാന്തകളില്‍ ഇന്ന് കണ്ണാടിയെ വെല്ലുന്ന ടൈല്‍സിനാല്‍ പരവതാനി തീര്‍ത്തിരിക്കുന്നു.പ്രണയിനിക്ക് മുന്‍പില്‍ ഇഷ്ടം പറയാന്‍ മറന്നുപോയ എന്നെ മൊബൈലിലെ കീ പാഡുകളില്‍ രണ്ടോ മൂന്നോ വാക്കുകളില്‍ പ്രണയിക്കുന്നവര്‍ പുച്ഛത്തോടെ നോക്കുന്നു.എല്ലാം മാറിപോയി...എല്ലാം...
പക്ഷെ എന്‍റെ മനസ്സിലെ കോളേജ് ഇന്നും നില നില്‍ക്കുന്നു.മാറാതെ...മായാതെ...തുരുമ്പ് എടുക്കാതെ...

Friday, October 15, 2010

ഇരുട്ട്

ജയിലിന്‍റെ വാതില്‍ ഞരക്കത്തോടെ തുറന്നു.സഹതാപവുമായി നില്‍ക്കുന്ന വാര്‍ഡനെ ഉറക്കച്ചടവുള്ള കണ്ണിലൂടെ കണ്ടു.തൊട്ടിയിലെ വെള്ളം തലയില്‍ വീണപ്പോള്‍,അമ്മയുടെ അരികില്‍ എണ്ണ തേച്ചു നില്‍ക്കുന്ന അഞ്ചു വയസ്സുകാരനായി ഞാന്‍ മാറി.എന്നും നടക്കുന്ന ഇടനാഴികള്‍ക്ക് ഇന്ന് ദൂരം കൂടുന്നു.കൊലമരച്ചോട്ടിലെ ഇളകുന്ന പലകക്കു മുകളില്‍ നില്‍ക്കുന്ന എന്‍റെ കണ്ണുകളിലെ അവസാന വെളിച്ചത്തേയും അസ്തമിപ്പിച്ച് കറുത്ത തുണി എന്നെ മൂടി.കഴുത്തിനെ മുറുക്കിയ,നെയ്യുപയോഗിച്ചു പിരിച്ചെടുത്ത കയര്‍;അമ്മ തരുന്ന നെയ്യൊഴിച്ച ചോറിനെ ചുണ്ടിലെത്തിക്കുന്നു.കൊലമരത്തിന്‍റെ അട്ടഹാസത്തെ ഞെട്ടലോടെ കാത്തിരിക്കുന്ന വവ്വാലുകള്‍ അറിയുന്നില്ല...കണ്ണുനീരു കൊണ്ട് എന്‍റെ മനസ്സും ഇരുട്ടാകുന്നത്...

Tuesday, October 12, 2010

Salute

ഞെട്ടിയുണരുമ്പോള്‍ ഞാന്‍ ശവപ്പെട്ടിയിലാണ്.പതാകയില്‍ എന്നെ പൊതിഞ്ഞിരിക്കുന്നു.സഹപ്രവര്‍ത്തകരുടെ യാത്രയയപ്പ് ഏറ്റുവാങ്ങുമ്പോള്‍ തിരികെ ഒരു സല്യൂട്ട് നല്‍കാന്‍ എന്‍റെ കൈ വിറപൂണ്ടു.തണുത്തു മരവിച്ച ശരീരത്തിന് അത് കഴിയുമായിരുന്നില്ല.
ഞാന്‍ ഉയരുകയാണ്,എന്‍റെ ഭാരതാംബയുടെ മണ്ണില്‍ നിന്ന്.വിമാനത്തിന്റെ ഇരമ്പലില്‍ അടഞ്ഞു പോയ കാതുകളെ ഒരു ആര്‍ത്തനാദം ഉണര്‍ത്തി.പ്രേയസിയുടെയും മകന്റെയും കണ്ണുനീര്‍ എന്‍റെ മുഖത്തെ പൊള്ളിച്ചു.തെക്കെ തൊടിയിലെ മാവിന്റെ വിറകുകള്‍ക്കിടയില്‍ തീയിലെരിയുമ്പോള്‍ ഞാനറിയുന്നു.
നെഞ്ച് തുളച്ചു കയറിയ വെടിയുണ്ട പോലും എന്നെ ഇത്രയധികം വേദനിപ്പിച്ചിട്ടില്ല...

Wednesday, October 6, 2010

അമ്മേ ഞാന്‍ വരും...

സ്ക്കൂളില്‍ അവസാന ബെല്ലടിച്ചു... ബാഗും ചോറ്റുപാത്രവും വാരിയെടുത്ത്‌ ഞാന്‍ പുറത്തേക്കോടി...
"നാളെ വരുമ്പോള്‍ തിളങ്ങുന്ന ഉടുപ്പിട്ട മാലാഖയുടെ ചിത്രം കൊണ്ട് വരില്ലേ?"
മീനുവിന്‍റെ ചോദ്യത്തിന് മറുപടി പറയാതെ സ്ക്കൂള്‍ ഗെയ്റ്റും കഴിഞ്ഞു ഞാന്‍ പുറത്തെത്തി.എവിടെ നിന്നോ വന്ന വാഹനത്തിന്‍റെ ഇരമ്പലും വെള്ള യുണിഫോമില്‍ ചുവപ്പ് നിറം പടരുന്നതും മാത്രമേ ഓര്‍മയുള്ളൂ...
ചോരയുറ്റുന്ന മൂക്കിന്‍ തുമ്പില്‍ അമ്മ എണ്ണയില്‍ പൊരിച്ചെടുക്കുന്ന പലഹാരത്തിന്‍റെ മണമായിരുന്നു...
മേഘങ്ങള്‍ക്കിടയിലൂടെ ആകാശ നീലിമയിലേക്ക്‌ തിളങ്ങുന്ന വസ്ത്രമിട്ട്‌ മാലാഖയായി പറക്കുമ്പോള്‍ താഴെ ഞാന്‍ കണ്ടു....ആവി പറക്കുന്ന പലഹാരവുമായി വാതിലിനരികില്‍ എന്നെ കാത്തു നില്‍ക്കുന്ന അമ്മയെ...

Saturday, October 2, 2010

അച്ഛന്‍

നിന്‍റെ കവിളില്‍ ആദ്യമായ് ഉമ്മ വെച്ചത് ഞാനായിരുന്നു...
നിന്‍റെ പുഞ്ചിരി ആദ്യമായ് കണ്ടതും ഞാനായിരുന്നു...
കുഞ്ഞു കണ്ണുകള്‍ തുറന്ന് നീ ആദ്യം കണ്ടത് എന്നെയായിരുന്നു...
നീ പിച്ചവെച്ചു നടക്കുമ്പോള്‍ വീഴാതിരിക്കാന്‍ ഞാന്‍ കൂടെ ഉണ്ടായിരുന്നു...
ഞാന്‍ നീയായിരുന്നു...
ഒരിക്കല്‍ എന്നിലെ നിന്നെ പറിച്ചെടുത്ത്‌ കീറിയ ഡയറി താളുകളിലെ 2 വരികളില്‍ നീ എന്നെ ഒതുക്കി... "GOOD BYE"