Tuesday, October 12, 2010

Salute

ഞെട്ടിയുണരുമ്പോള്‍ ഞാന്‍ ശവപ്പെട്ടിയിലാണ്.പതാകയില്‍ എന്നെ പൊതിഞ്ഞിരിക്കുന്നു.സഹപ്രവര്‍ത്തകരുടെ യാത്രയയപ്പ് ഏറ്റുവാങ്ങുമ്പോള്‍ തിരികെ ഒരു സല്യൂട്ട് നല്‍കാന്‍ എന്‍റെ കൈ വിറപൂണ്ടു.തണുത്തു മരവിച്ച ശരീരത്തിന് അത് കഴിയുമായിരുന്നില്ല.
ഞാന്‍ ഉയരുകയാണ്,എന്‍റെ ഭാരതാംബയുടെ മണ്ണില്‍ നിന്ന്.വിമാനത്തിന്റെ ഇരമ്പലില്‍ അടഞ്ഞു പോയ കാതുകളെ ഒരു ആര്‍ത്തനാദം ഉണര്‍ത്തി.പ്രേയസിയുടെയും മകന്റെയും കണ്ണുനീര്‍ എന്‍റെ മുഖത്തെ പൊള്ളിച്ചു.തെക്കെ തൊടിയിലെ മാവിന്റെ വിറകുകള്‍ക്കിടയില്‍ തീയിലെരിയുമ്പോള്‍ ഞാനറിയുന്നു.
നെഞ്ച് തുളച്ചു കയറിയ വെടിയുണ്ട പോലും എന്നെ ഇത്രയധികം വേദനിപ്പിച്ചിട്ടില്ല...

Wednesday, October 6, 2010

അമ്മേ ഞാന്‍ വരും...

സ്ക്കൂളില്‍ അവസാന ബെല്ലടിച്ചു... ബാഗും ചോറ്റുപാത്രവും വാരിയെടുത്ത്‌ ഞാന്‍ പുറത്തേക്കോടി...
"നാളെ വരുമ്പോള്‍ തിളങ്ങുന്ന ഉടുപ്പിട്ട മാലാഖയുടെ ചിത്രം കൊണ്ട് വരില്ലേ?"
മീനുവിന്‍റെ ചോദ്യത്തിന് മറുപടി പറയാതെ സ്ക്കൂള്‍ ഗെയ്റ്റും കഴിഞ്ഞു ഞാന്‍ പുറത്തെത്തി.എവിടെ നിന്നോ വന്ന വാഹനത്തിന്‍റെ ഇരമ്പലും വെള്ള യുണിഫോമില്‍ ചുവപ്പ് നിറം പടരുന്നതും മാത്രമേ ഓര്‍മയുള്ളൂ...
ചോരയുറ്റുന്ന മൂക്കിന്‍ തുമ്പില്‍ അമ്മ എണ്ണയില്‍ പൊരിച്ചെടുക്കുന്ന പലഹാരത്തിന്‍റെ മണമായിരുന്നു...
മേഘങ്ങള്‍ക്കിടയിലൂടെ ആകാശ നീലിമയിലേക്ക്‌ തിളങ്ങുന്ന വസ്ത്രമിട്ട്‌ മാലാഖയായി പറക്കുമ്പോള്‍ താഴെ ഞാന്‍ കണ്ടു....ആവി പറക്കുന്ന പലഹാരവുമായി വാതിലിനരികില്‍ എന്നെ കാത്തു നില്‍ക്കുന്ന അമ്മയെ...

Saturday, October 2, 2010

അച്ഛന്‍

നിന്‍റെ കവിളില്‍ ആദ്യമായ് ഉമ്മ വെച്ചത് ഞാനായിരുന്നു...
നിന്‍റെ പുഞ്ചിരി ആദ്യമായ് കണ്ടതും ഞാനായിരുന്നു...
കുഞ്ഞു കണ്ണുകള്‍ തുറന്ന് നീ ആദ്യം കണ്ടത് എന്നെയായിരുന്നു...
നീ പിച്ചവെച്ചു നടക്കുമ്പോള്‍ വീഴാതിരിക്കാന്‍ ഞാന്‍ കൂടെ ഉണ്ടായിരുന്നു...
ഞാന്‍ നീയായിരുന്നു...
ഒരിക്കല്‍ എന്നിലെ നിന്നെ പറിച്ചെടുത്ത്‌ കീറിയ ഡയറി താളുകളിലെ 2 വരികളില്‍ നീ എന്നെ ഒതുക്കി... "GOOD BYE"

Monday, September 27, 2010

കൈലാസം


കൈലാസം-എന്‍റെ സ്വപ്നങ്ങളുടെ പൂര്‍ണത...അപ്സരസ്സുകള്‍ വിരുന്നിനെത്തുന്ന മാനസസരോവര്‍ എന്നെ വിളിക്കുന്നു,ആ നീല ജലത്തില്‍ ദു:ഖങ്ങളെ അലിയിക്കാന്‍...ആകാശത്തില്‍ നിന്ന് വെള്ളിനിലാവ് ഭൂമിയില്‍ തീര്‍ത്ത കൈലാസവും എന്നെ വിളിക്കുന്നു,എന്‍റെ സന്തോഷങ്ങളെ പരമേശ്വരനില്‍ അര്‍പ്പിക്കാന്‍...എല്ലാ ഭാവങ്ങളും കൈലാസത്തില്‍ അര്‍പ്പിച്ചു ഒരു ജഡമായി തിരികെ വരാന്‍ ഒരിക്കല്‍ ഞാനും എത്തും,ഈ കൈലാസനാഥന്‍റെ മടിത്തട്ടില്‍...

Saturday, September 25, 2010

ഭിക്ഷ

അന്ധനായ ഭിക്ഷക്കാരന്‍റെ പിച്ചപാത്രത്തില്‍ നിന്ന്‌ നാണയത്തുട്ടുകള്‍ മോഷ്ടിച്ചവന്‍ നഷ്ടപെടുത്തിയത്‌, കത്തുന്ന വിശപ്പുമായി അച്ഛനെ കാത്തു നില്‍ക്കുന്ന മക്കളുടെ കണ്ണിലെ തിളക്കമായിരുന്നു...

മാതാവ്‌

നബിയും കൃഷ്ണനും യേശുവും ജനിച്ചത്‌ ഈ ഭൂമിയില്‍...
അവരുടെ പേരില്‍ പടവെട്ടി മരിക്കുന്നവര്‍ വീഴുന്നതും ഈ ഭൂമിയില്‍...
ഇതോര്‍ത്ത് സങ്കടപെടുന്നതും ഭൂമി മാത്രം...

നാളെ?

ഇന്നലെ:- ക്ഷേത്രത്തില്‍ നിന്ന് പുറത്തിറങ്ങി പോകുന്ന അവളുടെ ഈറന്‍ തലമുടികള്‍ ‍എന്‍റെ കൈകളെ തണുപ്പിച്ചപ്പോള്‍ ആണ് ആദ്യമായി ആ മുഖം ഞാന്‍ കണ്ടത്...

ഇന്ന്:- നിളയുടെ മണല്‍പരപ്പില്‍ ആകാശത്തിലേക്ക് മിഴിനട്ടു കിടക്കുമ്പോള്‍ അങ്ങകലെ നവാമുകുന്ദ ക്ഷേത്രത്തില്‍ താന്‍ സ്നേഹിച്ചവള്‍ അവള്‍ സ്നേഹിച്ചവന്‍റെ അഷ്ടപധിയില്‍ ലയിച്ചിരിക്കുകയായിരുന്നു...